എന്റെ മലയാളമേ...

 കഴിഞ്ഞ വർഷം  തൊട്ട് മകന് സ്കൂളിൽ തമിഴ് പഠിക്കാൻ ഉണ്ടായിരുന്നു. തമിഴ് നാട്ടിൽ വളരുന്ന പുത്രൻ തമിഴ് പഠിക്കുന്നത് എന്തുകൊണ്ടും  നല്ലതു തന്നെ. പ്രശ്നം - എനിക്ക് തമിഴ് അറിയില്ല എന്ന പരിമിതി ഉണ്ട്‌. ഭാഷ ഏതായാലും അറിഞ്ഞിരുന്നാൽ ഗുണം ചെയ്‌യും എന്നതുകൊണ്ട്, മകനോടൊപ്പം തമിഴ് അക്ഷരമാല പഠനം ആരംഭിച്ചു. 

അപ്പോഴാണ് മനസിൽ ഒരു സങ്കടം, എൻ്റെ കുഞ്ഞിനെ മലയാളം പഠിപ്പിക്കാൻ  കഴിയുന്നില്ലല്ലോ എന്ന്.

പറയാനും വായിക്കാനും   സാധിക്കും പക്ഷേ കൃത്യമായി  എഴുതാൻ അറിയില്ല എന്ന ഒരു വലിയ കുറവ് എനിക്കുണ്ട് .

മൂന്നാം ക്ലാസ് വരെ മാത്രമെ മലയാളം പഠിച്ചുള്ളൂ, അതൊരു നികത്താനാവത്ത കുറവായത്, പിന്നീടൊരിക്കലും പഠിക്കാൻ ശ്രമിക്കാഞ്ഞതാണ്‌ .

പാഠപുസ്തകത്തിലെ പാഠം ഒരു തവണ വായിച്ചിട്ടു കാണാതെ അക്ഷരമോ വാക്കോ തെറ്റാതെ അത് മുഴുവൻ മുത്തശ്ശനെ പറഞ്ഞു കേൾപ്പിക്കുമായിരുന്നു. മുത്തശ്ശന് അത് കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു. ഇനിയും വായിക്കണം, അപ്പോൾ സ്വന്തമായി എഴുതാനും കഴിയും എന്നു പറയുമായിരുന്നു . 

ഐതീഹ്യമാലയുടെ ഒരു പുസ്തകം മുത്തശ്ശൻ അന്നു തന്നതിൽ ഇപ്പോഴും ഉണ്ട്, അമ്പലമുറ്റത്തു നിന്നും എടുത്ത രണ്ടു ആലിലകൾ . ഈ പുസ്തകം ആയിരിക്കും ഒരുപക്ഷെ ഒരു 20 തവണ എങ്കിലും തലങ്ങും വിലങ്ങും വായിച്ചിട്ടുണ്ടാകുക. എന്ത്‌ കാര്യം? മലയാളത്തിൽ എഴുതാൻ കഴിയാത്തതാണ്‌ പരാജയം.

സ്കൂളിൽ UKG കോൺവൊക്കേഷന് കുഞ്ഞുണ്ണി മാഷിന്റെ കയ്യിൽ നിന്നും പ്രൊമോഷൻ ലെറ്റർ വാങ്ങിയതും, "'അമ്മ നന്മ, നന്മ അമ്മ" എന്ന് ഉരുവിട്ട് പഠിപ്പിച്ചതും ഇന്നലെ കഴിഞ്ഞത് പോലെ ഓർമ്മയിൽ ഉണ്ട്‌. 10 വയസ്സില് അച്ഛൻ എനിക്ക് ബാലമണിയമ്മയുടെ കവിത സമാഹാരം സമ്മാനിച്ചതും, സ്കൂളിൽ മത്സരത്തിൽ അതിലെ ഒരു കവിത വേദിയിൽ പേടിച്ചു വിറച്ചു പറഞ്ഞതും ഓർമയുണ്ട് . അത്ര മാത്രെ ഉള്ളു മാതൃ ഭാഷയോടുള്ള സ്നേഹാദരവിന്റെ ഓർമപ്പൊട്ടുകൾ .

പിന്നീടങ്ങോട്ട്, ഇംഗ്ലീഷ്  അക്ഷരങ്ങളിൽ ഒളിപ്പിച്ച കൊച്ചു കൊച്ചു മലയാളം കവിതകൾ അമ്മ എനിക്കു മലയാളത്തിൽഎഴുതി തന്നു കുറച്ചു കാലം. ജോലി തിരക്കും ഉത്തരവാദിത്തങ്ങളും, അമ്മയുടെ സമയം കവർന്നപ്പോൾ, എൻ്റെ എഴുത്തും ഇല്ലാതെയായി . 

വർഷങ്ങൾ‌ക്കിപ്പുറം സ്വന്തം മകനെ മലയാളം പഠിപ്പിക്കാൻ‌ കഴിയുന്നില്ലല്ലോ എന്ന ആശങ്കയിൽ‌ എത്തി നിൽ‌കവേ ഒരു തീരുമാനത്തിൽ‌ എത്തി -  പഠിക്കാൻ! 

ഇന്നത്തോടെ പുനരാരംഭിച്ചു മലയാള പഠനം. മുത്തശ്ശൻ പറഞ്ഞത്പോലെ വായനയിലൂടെ, വായിച്ചവ എഴുതി പരിശീലിച്ചുകൊണ്ട് ... 

ഒപ്പം പുത്രനെയും കൂട്ടി. അവനെ കുഞ്ഞുണ്ണി മാഷിന്റെ കൊച്ചു കവിതകൾ കേൾപ്പിച്ചുകൊണ്ടാണ് ആരംഭം. 

ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ .

No comments: