കോൺക്രീറ്റ് കാനനത്തിലെ ഒരു മരച്ചില്ലയിൽ നിന്നും ഞാൻ പടികളിലൂടെ തത്തി തത്തി താഴെയിറങ്ങി. അപാർട്ട് മെന്റിന്റെ പാർക്കിൽ അല്പം നേരം കാറ്റു കൊള്ളാം എന്നു കരുതി. മണി നാലു് ആയെങ്കിലും കത്തുന്ന സൂര്യനും ചൂടുള്ള കാറ്റും ആണ് ഇവിടങ്ങളിൽ എന്നു മനസ്സിലായി. ഓരോരൊ ചിന്തകളിൽ മുഴുകി ഇരിക്കെ സമയം പോയതു അറഞ്ഞില്ല. വൈകുന്നേരമായപ്പോൾ ബിൽഡിഗിലെ വീടുകളിൽ നിന്നും അമ്മമാർ അവരവരുടെ കുട്ടി'കളുമായി താഴെ പാർക്കിൽ വരുന്നു. കുട്ടികളെ കളിക്കാൻ വിട്ടിട്ടു കുറച്ചു മാറി സ്വൈര്യമായി ഇരുന്നു കൊച്ചുവർത്തമാനങ്ങൾ പറഞ്ഞിരിക്കുന്നു.
ഒരു ട്രെയിൻ യാത്രയിൽ ജനാലയിലൂടെ കാണുന്ന കാഴ്ചകൾ ഓടി മറയുന്നതിനേക്കാൾ വേഗത്തിൽ സംസാരവിഷയങ്ങൾ മാറിമറയുന്നതു ഒരു കൗതുകം ആയി തോന്നി. കുട്ടികൾ പലയിടത്തൂടെ ഓടി കളിക്കുന്നുണ്ട് . തന്നെ കളിച്ചും, തമ്മിൽ തല്ലിയും ചിലർ, കൂട്ടംകൂടിയും അല്ലാതെയും മറ്റു ചിലർ... തെന്നി തെറിച്ചു നടക്കുന്ന അവരെ കണ്ടപ്പോൾ ആട്ടിൻകുട്ടികളെ ഓർമ വന്നു. അതെ, അതു തന്നെ ഒരു പറ്റം ആട്ടിൻകുട്ടികൾ! ആടുകളെ കൂടുതുറന്നു പുല്ലു മേയാൻ വിട്ടിട്ടു കുറച്ചകലെ സൊറ പറഞ്ഞിരുന്നു വിശ്രമിക്കുന്ന ആട്ടിടയൻമാർ ആയി അമ്മമാർ. എന്റെ കൺമുന്നിൽ അവർ അങ്ങിനെ ആയി മാറിയ പോലെ. തുള്ളിച്ചാടി നടക്കുന്ന കുഞ്ഞാടുകൾ. ചിലർ മേഞ്ഞുനടക്കുന്നു, ചിലർ കൊമ്പുകോർക്കുന്നു, മറ്റു ചിലർ തന്റെതായ ലോകത്തു സ്വയം മുഴുകി നടക്കുന്നു. കൂട്ടത്തിൽ സാഹസികരും, അതിസാഹസികരും കൂട്ടം തെറ്റി നടക്കുന്നതെമ്മാടികളും ഒക്കെ ഉണ്ട്. വികൃതികൂടുമ്പോൾ വിളി വരും, കേട്ടില്ലെങ്കിൽ വടികൊണ്ടു അടിയും വീഴും. സൂര്യൻ പടിഞ്ഞാറൻ ചക്രവാളങ്ങളിൽ ഒരു ചെമ്പു തളിക പോലെ കാണപ്പെട്ടു. അധികം വൈകാതെ ഇരുൾ അണയും. വെളിച്ചം വീശി വിളക്കുമരങ്ങളും കെട്ടിടങ്ങളും ഉണ്ടാകും എങ്കിലും, സമയം ഏറെ വൈകും. ആട്ടിടയന്മാർ പൊടി തട്ടിക്കൊണ്ടു എണീറ്റു തന്റേതായ ആട്ടിൻകുട്ടികളെ തിരിച്ചു വിളിച്ചു. അനുസരണയുള്ളവ ഓടി അടുത്തു. ചിലർ "മാ പ്ലീസ് ,മാ പ്ലീസ്ന്നു" കരഞ്ഞു. അശ്രദ്ധരായ ചിലർ കേട്ട ഭാവം നടിക്കാതെ കളി തുടർന്നു. ചിന്നി ചിതറിയ ആട്ടിൻകൂട്ടത്തെ വടി വീശി തടുത്തു കൂട്ടി അവർ മുന്നോട്ടു നടന്നു. എല്ലാരും അവരവരുടെ കൂടുകളിലെക്കു മെല്ലെ മടങ്ങി. പാർക്ക് നിശബ്ദം. അല്പം നേരം കൂടി അവിടെ ഇരുന്നിട്ടു തിരികെ പോകാൻ ഒരുങ്ങുമ്പോൾ ഒരു കുളിർ കാറ്റ് ആ ദിനത്തെ മെല്ലെ പാടി ഉറക്കുന്നതു അറിയാൻ കഴിഞ്ഞു.
No comments:
Post a Comment