പെൻസിൽ പ്രേമം

ആദ്യമായ് ഞാൻ ഉപയോഗിച്ച പെൻസിൽ സ്ലേറ്റ് പെൻസിൽ ആയിരുന്നു. ഈർക്കിലി കോലുപോലെ മെലിഞ്ഞു നീണ്ട ആ പെൻസിലുകൾ  എന്നെ അക്ഷര ലോകത്തേക്കു കൂട്ടികൊണ്ടു പോയി. എന്നാൽ അവനെ ഞാൻ അത്രയ്ക്കൊന്നും സ്നേഹിച്ചിരുന്നില്ല. തൊട്ടാൽ ഒടിയുകയും അഥവാ ഒടിഞ്ഞില്ലേൽ ഒടിക്കുകയും ചെയ്തിരുന്നു അവ.
പിന്നെ സ്കൂൾ മാറി, ഒപ്പം പെൻസിലിന്റെ രൂപവും. ചെത്തി കൂർപ്പിക്കാവുന്ന മുനയുള്ള മരപെൻസിൽ. അവയിലെ ഒരറ്റത്തു ഇറേസർ കഷ്ണം ഖടിപ്പിച്ച, പൂക്കളുടെ ചിത്രമുള്ളവ ആയിരുന്നു കൂടുതൽ പ്രിയങ്കരം. കൊല്ലം രണ്ടു കഴിഞ്ഞപ്പോൾ പെൻസിലും മോഡേൺ ആയി പ്ലാസ്റ്റിക് തണ്ടിൽ മുള്ളാണി പോലെ കൂർത്ത പ്ലാസ്റ്റിക് മുനകൾ മാറ്റി മാറ്റി കളിക്കാൻ പറ്റുന്നവ. കൂട്ടുകാരോടു കിടപിടിക്കാൻ അച്ഛൻ വാങ്ങി തന്ന ആ വയലറ്റ് പ്ലാസ്റ്റിക് പെൻസിൽ ഓർമ്മകളിൽ ഇപ്പോഴും  അതേ മിനുസത്തോടെയും തിളക്കത്തോടെയും നിൽക്കുന്നു.

പെൻസിലിന്റെ പരിണാമം അതുകൊണ്ടും അവസാനിച്ചില്ല. സൂചി പോലെ മെലിഞ്ഞു നീണ്ട ലെഡ് മുനകൾ ആവശ്യത്തിനു ഇണക്കിയും, പേന പോലെ അഗ്രഭാഗത്തു ഞെക്കിയാൽ  മുനവരുന്ന ഫോറിൻ (അക്കാലത്തു) പെൻസിലിനു വേണ്ടി ഞാനും ചേട്ടനുമൊക്കെ എത്രമാത്രം ഗുസ്തി പിടിച്ചിരിക്കുന്നു.
എനിക്കു ചേട്ടനേക്കാൾ 6 വർഷത്തെ വിവരക്കേടുകൂടുതൽ ആയതു കൊണ്ടോ, വീട്ടിൽ സ്വൈര്യം ഉണ്ടാവാൻ വേണ്ടിയോ എന്തോ, അവസാനം പൊട്ടി തകർന്ന ഹൃദയത്തോടെ, ഏട്ടൻ തോൽവി സമ്മതിക്കു മായിരുന്നു.
അങ്ങിനെ പെൻസിലുകൾ പുരോഗമിച്ചു, പക്ഷെ തമ്മിൽ ഉത്തമൻ മരപെൻസിൽ ആണെന്നു ഞാൻ മനസ്സിലാക്കി. ബ്ലേഡ് കൊണ്ടു മൂർച്ച വരുത്തിയും ഷാർപണർ കൊണ്ടു അസൂയ വരും വിധം അറ്റം കൂർപ്പിച്ചും ഒരുപാടു നാളുകൾ ഉപയോഗിച്ചവ. കാലം എത്ര ചെന്നിട്ടും കൈയക്ഷരത്തിനുമാറ്റം ഒന്നും വന്നില്ല. അതുപോലെ തന്നെ പെൻസിലിനോടുള്ള സ്നേഹത്തിനും. ഇപ്പോഴും ബാഗ് തപ്പിയാൽ കിട്ടും മൂർച്ചയുള്ള ഒരു മരപെൻസിൽ.

No comments: