തറവാട് (Part 1)

 എൻ്റെ ഓർമകളിൽ മായാതെ കിടക്കുന്ന ഒരു വീടുണ്ട്... പുഴയോരത്തു, ഓട് മേഞ്ഞ ഒരു ഇരുനില വീട്. കുട്ടിക്കാലത്തിൻ്റെ ഒരു  പങ്കു ചിലവിട്ട പുഴക്കരക്കാവ് വീട്. കലനാൽ എന്നാണ് ഞങ്ങളുടെ തറവാട് അറിയപ്പെട്ടിരുന്നത്.

അമ്മുമ്മ, ചിറ്റ (അച്ചന്റെ സഹോദരി ) എന്ന രണ്ട്‌ പ്രായമായ സ്ത്രീകൾമാത്രം  വസിച്ച വീട്. ഞായറാഴ്ചകളിലും, അവധി ദിനങ്ങളിലും ആൾത്തിരക്കേറുമെങ്കിലും മിച്ചം ദിവസങ്ങൾ അവിടെ ആ  രണ്ട്‌ പേർ മാത്രം. പൂന്തോട്ടവും, ചെറുകൃഷിയും അടുക്കള ജോലിയും ആയി ഏതു നേരവും തിരക്കിട്ടുനടക്കുന്ന ചിറ്റയും, വീട്ടുഭരണം ഏറ്റെടുത്തു നടത്തുന്ന അമ്മുമ്മയും. സന്ധ്യക്ക്‌ വിളക്ക് കൊളുത്തിയ ശേഷം ആണ് അവരിരുവരും കാലുനീട്ടിരുന്നു ഒന്ന് വുശ്രമിക്കുക. കേബിൾ tv ശരണം.

അവധി അടുത്താൽ, പിന്നെ ചിറ്റക്ക് ഇരിക്കാനും നീക്കാനും നേരം കാണില്ല. പലവിധ മധുരപലഹാരങ്ങളും ഉപ്പേരികളും വറത്തു കൂട്ടി ഡബ്ബകളിൽ ആക്കി അലമാരയിൽ നിക്കുകയായി. അനവധി അച്ചാറുകളും അടുക്കളയിൽ പാകപ്പെടുത്തി വെച്ചേക്കും.

ഇല്ലായിമയുടെ ജീവിദത്തിലും അവർ മക്കളെ പോലെ വളർത്തിയ അമ്മുമ്മയുടെ മക്കക്കും പേരകുട്ടികൾക്കും വയറു നിറയെ കഴിക്കാനു ള്ളത് ഏതു നേരവും അലമാരയിൽ സൂക്ഷിച്ചിട്ടുണ്ടാകും. നുറുക്കി രി ഞ്ഞ മാങ്ങാ അച്ചാറും എരിവും പുളിയും ചേർന്ന നാരങ്ങാ ച്ചാറും മാത്രം മതി ഇരുനാഴി അരി യുടെ ചോറ് ഉണ്ണാം.

ആർക്കൊക്കെ എന്തൊക്കെ ഇഷ്ടം എന്ന് ചിറ്റക്ക് നല്ല ബോധ്യമുണ്ട് . പ്രാതലിനു ദോശ ആണെങ്കിലും, ഒരു ഡസൻ ഇഡലിയും ഉണ്ടാകും. കൂട്ടാൻ സാമ്പാറും ചമ്മന്ദിയും.  എന്തിനു, ചായയുടെ മധുരം പോലും ഓരോരുത്തർക്കും കണക്കു തെറ്റാതെ ചിറ്റക്കറിയാം. ചിറ്റയുടെ സാമ്രാജ്യമായ അടുക്കളയിൽ ആരും അതിക്രമിച്ചു കടക്കുന്നത് ചിറ്റക്ക് ഇഷ്ടമല്ല, എങ്കിലും സദ്യവട്ടം കൂട്ടുമ്പോൾ കൈസഹായവുമായി സ്ത്രീജനങ്ങൾ എല്ലാരും അടുക്കളയിൽ കൂടും. കുട്ടിക്കൂട്ടങ്ങളെ  മേച്ചുംകൊണ്ട് ചിലർ നേരെ പുഴയിൽ പോകും.  പിന്നെ ഊണിനു നോക്കിയാൽ മതി. ഊണ് മിക്ക്യപ്പോഴും ഇലയിലാണ് - സൗകര്യത്തെകരുതി. അച്ഛൻ പോയി ഇല വെട്ടികൊണ്ട്വരും. അമ്മ അത് കഴുകി വൃത്തിയാക്കി അടുക്കള തിണ്ണയിൽ അടുക്കിവെക്കും.

ഊണിനു നേരമായാ പിന്നെ കുട്ടികൾ ഒരു സെറ്റ്. ആണുങ്ങൾ മറ്റൊരു സെറ്റ് മുതിർന്നവർ  വേറൊരു സെറ്റ്, സ്ത്രീകൾ ഒരു സെറ്റ്... അങ്ങിനെ സദ്യവട്ടമാണ്. എല്ലാരും കഴിച്ചുകഴിഞ്ഞേ ചിറ്റ ഉണ്ണുകയുള്ളു, അതും മിക്കപ്പഴും അടുക്കള പടിയിൽ ഇരുന്നാവും.

കുട്ടിക്കാലത്തു അതിഷ്ടല്ല ഇതിഷ്ടല്ല എന്ന് പറഞ്ഞു ഒരുപാട്സ്വാദിഷ്ട ഭക്ഷണം കഴിക്കാതെ കളഞ്ഞത് ഓർക്കുമ്പോൾ ഇന്ന് കുറ്റബോധം തോന്നുന്നു. അതൊന്നും ഇനി ഇല്ല എന്നോർക്കുമ്പോൾ ഒരു നൊമ്പരം.

ഊണ് കഴിഞ്ഞാൽ ഒരുച്ചയുറക്കം ശീലമുണ്ട് അവിടെ. ഓരോരുത്തരായി എവിടെയെങ്കിലും ചുരുണ്ടുകൂടും. കുട്ടികൾ മുകളിലെ മുറികളിൽ ഒരെണ്ണം കയ്യടക്കും. നന്നേ ഷീണം ഉള്ളവർ കട്ടിൽ ഉള്ള കിടപ്പുമുറികളിലും ചിലർ ഹാൾ എന്ന് പറയാവുന്ന വരാന്തയിലും സോഫയിലും ഒക്കെ ഇടം പിടിക്കും. സ്ത്രീകൾ വെടിവട്ടം പാഞ്ഞും ഒരിടത്തുകൂടും. ഉറക്കം വരാത്ത കുട്ടിസംഗങ്ങൾ മുറ്റത്തും വീടിലും  കളിച്ചു തി മിർക്കും.

ഒരിക്കൽ, കല്ലുപ്പ് നൂലിൽ കെട്ടി ഉറങ്ങിക്കിടക്കുന്ന ചേച്ചിമാരേയും, പേരമ്മമാരെയെയും ഒന്ന് കളിപ്പിക്കാൻ ശ്രമിച്ച കുറുമ്പ് സംഘത്തിലും ഞാൻ ഒരു വാലറ്റം ആയിരുന്നു. ഇപ്പൊ ഓർക്കുമ്പോൾ അറിയാതെ ആണേലും ഒരു പുഞ്ചിരി വിടരുന്നു. പേരക്കുട്ടിയുടെ പടയിൽ അവസാനം അംഗം ആണേലും, എനിക്ക് ശേഷം നിരന്ന നാലാം തലമുറക്കാരുടെ ഇടയിലും ഒരു ചേച്ചി സ്ഥാനം ആസ്വദിച്ചു കുറേകാലം കുട്ടികളിച്ചു നടന്നിരുന്നു.

 ഒരിക്കൽ, മൂന്നും നാലും ആറും വയസു മാത്രം പ്രായം വരുന്നു കുരുന്നുകളെയും കൊണ്ട് കടത്തു കടന്നു പോയിട്ടുണ്ട്, ഞാനും യമ്മുവും. അതിനു പച്ചക്കൊടി വീശി കരയിൽ നിന്നതു അച്ഛനും. വിവരം അറിഞ്ഞു വെപ്രാളപ്പെട്ട അമ്മയോട് " പിള്ളേരായാൽ ഇങ്ങനെയൊക്കെ വേണം, അല്പം ധൈര്യം വരട്ടെ" എന്ന് വാദിച്ചു വായടപ്പിച്ച അച്ഛനെ നോക്കി നാവിറങ്ങി നിന്ന പേരമ്മമാരെയും ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരുന്നു. എന്നിട്ടെനിക്ക് ധൈര്യം വന്നോ എന്ന് ചോദിച്ചാൽ.... ഇന്നൊരുപക്ഷേ ഇതൊന്നും നടക്കുകില്ലായിരിക്കും.

No comments: