മുറ്റം
കച്ചേരിത്താഴത്തുനിന്നും
ചെറിയൊരുക്കേറ്റവും പിന്നെയൊരിറക്കവും കഴിഞ്ഞു
കാവുംപടിയെത്തുമ്പോൾ, ഇടത്തോട്ട് കാവും, കടത്തിനുള്ള പടവുകളും. വ്ലോതൊട്ടു ശിവന്റെ
അമ്പലത്തിലേക്കുള്ള വഴിയുടെ മധ്യഭാഗത്താണ് കലാനാൽ തറവാട്. ടാറിട്ട മെയിൻ റോഡിൽ നിന്നും ഒരു 50 മീറ്റർ
അകത്തേക്കൊരു ഇടവഴി. കഷ്ടിച്ചൊരു കാറിനു നെരങ്ങിനീങ്ങി കടക്കാവുന്ന അത്രമാത്രം വീതിയോടെ
അതുചെന്നെത്തുന്നത് ഒരു വിശാലമായ മുറ്റത്തേക്കാണ്. ഒരു നേരം 3-4 കാറുകൾ സുഖമായി പാർക്ക് ചെയ്യ്യാവുന്ന ആ മുറ്റത്ത് പലപ്പോഴും
ചെറിയച്ഛന്റെ ഡ്രൈവിങ്‌സ്കൂളിലെ ജീപ്പും കാറും ഓട്ടോയുമെല്ലാം സ്ഥാനംപിടിച്ചിരുന്നു.
എന്നാൽ അവധിദിവസങ്ങളിൽ മിക്കപ്പോഴും ആ മുറ്റം ബന്ധുമിത്രതികളുടെ വരവും കാത്തു ഒഴിഞ്ഞു
കിടക്കും. വീടിനു ചുറ്റും നിറയെ സ്ഥലം ഉണ്ടായിരുന്നു. ഒരുവശത്തു പൈനാപ്പിൾ തോട്ടമായിരുന്നു
പണ്ട്, അതിനു മുൻപ് കാപ്പിത്തോട്ടവും. പിൻകാലത്തു അവിടെ മറ്റാരോ വീടുവെച്ചു മതിലും
പണിതു.
തേൻവരിക്ക
ചക്ക പ്ലാവുകളും, നാട്ടുമാവും, തെങ്ങുകളും, പുളിമരവും, പലതരം വാഴയും, ചേനയും, ചേമ്പും,
കാച്ചിലും, കാന്താരിചെടിയും, മത്തനും പടലവും, കോവക്ക, പാവയ്ക്കാ, വെണ്ടയ്ക്ക എന്ന്
വേണ്ട ഒരു സദ്യ ഒരുക്കാനുള്ള എല്ലാം വീട്ടുപറമ്പിൽ ചിറ്റനട്ടു വളർത്തുമായിരുന്നു.
എങ്കിലും
ചിറ്റക്ക് ഏറ്റവും പ്രിയം ചിറ്റയുടെ മുല്ല ചെടി ആയിരുന്നു. സന്ധ്യാ ദീപം കൊളുത്തിയാൽ വിളക്കിനു ചുറ്റും ഒരു മുല്ലമാല
പതിവാ. അതും ചിറ്റ തന്നെ കോർക്കും. മുല്ലമാല കോർക്കാൻ ഞാൻ പഠിച്ചതും ചിറ്റയുടെ അടുക്കൽ തന്നെ.
മുല്ല
മാത്രമല്ല, ചിറ്റക്ക് സ്വന്തമായി ഒരു പൂന്തോട്ടം തന്നെ ഉണ്ടായിരുന്നു. പലയിനം റോയ്സ്
ചെടികളും, ചെണ്ടുമല്ലിയും, ജമന്ദിപ്പൂക്കളും, മന്ദാരവും, ചെത്തിയും, ചെമ്പരത്തിയും
എന്നുവേണ്ട പേരറിയാത്ത പല ചെടികളും വീട്ടുമുറ്റത്തു തളിർത്തു നിന്നിരുന്നു. അവ കാണുമ്പോൾ
ഏതൊരു ദിവസവും ഓണക്കാലം പോലെ തോന്നും. വീട്ടിലെ ടെലിവിഷൻ ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നേലും
വീടും വീട്ടുമുറ്റവും വർണാർഭമായിരുന്നു. ഇന്നത്തെ കാലം ഫ്ലാറ്റിൻറ്റെ ഒരറ്റത്ത് ചതുരത്തിൽ
അലപം ബാൽക്കണി സ്പേസ് - മുറ്റം പോലെ ആകില്ലല്ലോ അത്. ഇനി അഥവാ അല്പസ്വപ്പ്പം ചെടികളും
പൂക്കളും ഒരുക്കിവെച്ചാലും ഇക്കാലത്തെ കുട്ടികൾക്ക് അവയെ ആസ്വദികനോളം നേരവും ഇല്ല താല്പര്യവും
ഇല്ല.
അച്ഛനും
അമ്മുമ്മയും പറഞ്ഞുതന്നിട്ടുള്ള പഴയ കാലങ്ങളിൽ അവിടെ പശുവും കോഴിയും ഒക്കെ ഉണ്ടായിരുന്നു.
പിന്നാമ്പുറത്തെ തൊഴുത്താണ് അതിനുള്ള ഏക അവശേഷിക്കുന്ന തെളിവ്. എൻ്റെ ഓർമയിൽ എന്നാൽ ഇടക്കാലങ്ങളിൽ ഉണ്ടായിരുന്ന മുയലും ഗിനിപന്നികളും ഒക്കെയേയുള്ളു.
അവക്ക് പ്രത്യേകം കൂടുകൾ ഒരുക്കിയിരുന്നു മുൻവശത്തെ
കാർ ഷെഡിൻറ്റെ ഒരു കോണിൽ. പിന്നെ ടിപ്പു എന്ന തനിനാടൻ ശുനകനും മുവാറ്റുപുഴ
വീട്ടിലെ ഒരു ഒഴിച്ചുകൂടാനാകാത്ത അംഗം ആയിരുന്നു
- മുറ്റത്തൊരു കാവൽകാരനെ പോലെ.
വീടിനു
മുന്നിലും പിന്നിലും ഓരോ ചാമ്പ മരം. ഉച്ചയുറക്കം ഇല്ലാത്ത കുട്ടി പ്രായത്തിൽ ഏട്ടന്മാരുടെയും
ചേച്ചിമാരോടും ഒത്തു എത്ര തവണ ആ മരത്തിൽ വലിഞ്ഞു കയറിരുന്നു. ഓർമയുടെ താളുകളിൽ അവക്കുള്ള
സ്ഥാനം വളരെ വലുതാണ്. കുട്ടിസംഘത്തിൽ ആർക്കൊക്കെ ആരോടാണിഷ്ടമെന്നും ആരാണ് ആരേക്കാൾ
വലുതെന്നും, ഞാൻ ആ ചാമ്പമരച്ചോട്ടിൽ പഠിച്ചു. സഹനവും ത്യാഗവും ആ ചമ്പക്കകൾ തന്ന മധുരത്തിനൊപ്പം
രുചിച്ചു.
വീടിനുപിന്നിലെ
പറമ്പിന്റെ ഒരു കോണിൽ ഒരു ചെറിയ വഴിയുണ്ട് - കുളിക്കടവിലേക്കും പുഴിലേക്കുമുള്ള വഴിയാണ്.
എത്ര പറഞ്ഞാലും തീരാത്ത കഥകളിലേക്കുള്ള ഓർമയുടെ ഇടനാഴി.
No comments:
Post a Comment