പകൽ അങ്ങിനെ കാഞ്ഞു നിൽക്കുന്ന സമയം. അറ്റകുറ്റ വീട്ടുപണികളൊക്കെ ഒതുക്കി കുഞ്ഞിനെ കളിപ്പിച്ചിരിക്കവേ കേട്ടു ഒരു മണിനാദം.നാട്ടിൽ നിന്നും അമ്മയാണ് വിളിക്കുന്നത്. സ്ഥിരം കത്തി വെപ്പിനു തന്നെയാകണം വിളി.
അങ്ങിനെ ഒന്നും രണ്ടും പറഞ്ഞു് ചർച്ച ചെയ്ത് , കുഞ്ഞിനെ കബളിപ്പിച്ച്, നേരം പോയത് അറിഞ്ഞില്ല. പെട്ടെന്നാണ് മുൻവശത്തെ കതകിൽ ഒരു കൊട്ടുകേട്ടത്. ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു വർത്തമാനം പറഞ്ഞു കൊണ്ടു തന്നെ പോയി തുറന്നു. Amazon. com നിന്നും ഒരു വലിയ പൊതി!
കുഞ്ഞിന്റെ ഡയപ്പർ ആണു. ഓൺലൈൻ' ഷോപ്പിങ്ങ് വന്നതിൽ പിന്നെ സൗകര്യമായി. വീട്ടിൽ ഇരുന്നു വിരൽ തൊട്ടാൽ വേണ്ടതെല്ലാം എത്തിക്കാനാവും. മുഖം കറുപ്പിച്ചു നിന്ന ഒരു പാവം മനുഷ്യനാണു സാധനങ്ങൾ ഇന്നു കൊണ്ടുവന്നത്. കൊടുത്ത ചിരി മടക്കി തരാതെ അയാൾ തിരിച്ചു നടന്നു. നടത്തം അല്പം സ്പീഡിൽ ആണു. പാവം തിരക്കായിരിക്കും, ഞാൻ വിചാരിച്ചു. വാതിൽ അടച്ചു തിരികെ നടക്കാനൊരുങ്ങുമ്പോൾ അതാ വരുന്നു കണവന്റെ വിളി.
"പാഴ്സൽ വല്ലതും വന്നോ?"
എങ്ങിനെ അറിഞ്ഞു, അയാൾ ഇപ്പൊ വന്നു പോയേ ഉള്ളു, ഞാൻ പറഞ്ഞു.
"ഇപ്പൊ അല്ലാ, മണിക്കൂർ ഒന്നായി അയാൾ വാതുക്കൽ കാത്തുനിൽക്കുന്നു. ഞാൻ എത്ര ഫോൺ വിളിച്ചു നോക്കി. എവിടെ ആയിരുന്നു? ഒരു മണിക്കൂറോളം ഫോൺ എൻഗേജ്ഡ് ആയിരുന്നല്ലോ?"
ഡോർ ബെൽ കേടായിട്ടു ഇശ്ശി ആയി. നന്നാക്കാൻ ആളെ വിളിക്കാൻ എന്നും മറക്കും. അതാണു പാവം അയാൾ വന്നപ്പോൾ അറിയാഞ്ഞത്. ഫോണിൽ കൂത്തിയിരിക്ക കൂടി ആയപ്പോ പൂർത്തിയായി. കോൾ വെയിറ്റിങ്ങ് സെറ്റിങ്ങ്സ് ഓഫ് ആയിരുന്ന കാര്യം എനിക്കറിയില്ലായിരുന്നു.
എന്തായാലും വരാനുള്ള പാഴ്സൽ വന്നു , കിട്ടാനുള്ള ചീത്ത വിളിയും കിട്ടി. സന്തോഷം , ഇനി ഞാൻ പോയി കുഞ്ഞിനെ കുളിപ്പിക്കട്ടെ.........
No comments:
Post a Comment